Sunday, February 19, 2012

ഇക്ക്രുവും കൊച്ചുവാവയും പിന്നെ ഞാനും ...

കൂണ്ടുക്കുള്ള എന്നൈ വച്ചു കൂടി നിന്ന ഊരെ വിട്ടു
കൂണ്ടുക്കുള്ള പോണതെന്ന കൊലക്കിളിയെ
അടി മാനെ മാനെ ഒന്നത്താനെ
അടി നാനും നാളും തവിച്ചേനെ

മുണ്ടൂരുകാരുടെ ജീവസ്സും ഓജസ്സും ആയിരുന്നു മുണ്ടൂര്‍ മീരാന്‍ (ഇന്ന് ഈ തീയേറ്റര്‍ ഇവിടെ ഇല്ല ) മുണ്ടൂരുകാരുടെ ദിവസങ്ങള്‍ക്കു സംഗീതം പകര്‍ന്നു തന്നിരുന്നത് അവിടെ ഇട്ടിരുന്ന പാട്ടുകള്‍ ആയിരുന്നു... കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകള്‍ ... ഓരോ കാലവും ഓരോ പാട്ടുകള്‍

ഞാനും എന്റെ കുരുത്തകേടുകളും വളര്‍ന്നു കൊണ്ടേ ഇരുന്നു... വീട്ടില്‍ മാത്രമല്ല നാട്ടുകാര്‍ക്കും ഞാന്‍ ഉപദ്രവമായി തുടങ്ങി... അതില്‍ എനിക്ക് കൂട്ടായി ഇക്ക്രു, കൊച്ചു വാവ തുടങ്ങിയവരും കൂടി... അങ്ങനെ മുണ്ടൂര്‍ രാജ്യം ഞങ്ങള്‍ ഭരിച്ചു എന്ന് തന്നെ പറയാം ... എന്നേക്കാള്‍ ഒരു വയസ്സ് മൂത്തതാണ് ഇക്ക്രു... കൊച്ചു വാവ എന്നെക്കാള്‍ ഒരു വയസ്സ് ഇളയതും ... ഞങ്ങള്‍ മൂവര്‍ സംഘം ആയിരുന്നു മുണ്ടൂരിനെ നിയന്ത്രിച്ചിരുന്നത് ... ഞങ്ങളുടെ ശല്ല്യം സഹിക്ക വയ്യാതെ എങ്ങനെ എങ്കിലും സ്കൂളിലോ അല്ലെങ്കില്‍ ബാലവാടിയിലെങ്കിലും കൊണ്ടാക്കണം എന്ന് നിരന്തരമായി നാട്ടുകാര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു... ഇനിയും വീട്ടുകാര്‍ അതിനു മുതിര്‍ന്നില്ലെങ്കില്‍ നാട്ടുകാര്‍ അത് ചെയ്യും എന്ന് കണ്ടപ്പോള്‍ ഒരു ശല്ല്യം ഒഴിവാക്കി ഇക്ക്രുനെ ബാലവാടിയിലാക്കാന്‍ തീരുമാനമായി... പക്ഷെ ഇക്ക്രു ഉണ്ടോ പോകുന്നു... അവന്‍ എന്നേം കൊണ്ടേ പോകു... ചിഞ്ചു ഇല്ലാതെ അവന്‍ എവിടെയും പോകില്ല എന്ന ദൃഢ പ്രതിജ്ഞ എടുത്തു... അങ്ങനെ എന്നേം ബാലവാടിയിലാക്കാന്‍ അമ്മ നിര്‍ബന്ധിതയായി... ഒരു വെടിക്ക് രണ്ടു പക്ഷി !!!

അങ്ങനെ ഞാനും ഇക്ക്രും ബാലവാടിയില്‍ എത്തി... ആദ്യത്തെ ദിവസം ഞാന്‍ ടീച്ചറുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു എന്റെ അരിശം തീര്‍ത്തു... അന്ന് എന്റെ കഞ്ഞിയില്‍ അവര്‍ കൂടുതല്‍ ഉപ്പിട്ടു... അത് ഞാന്‍ ക്ഷമിച്ചു...അടുത്ത ദിവസം ടീച്ചറുടെ സാരി വലിച്ചുരാന്‍ ഞാന്‍ ഒരു ശ്രമം നടത്തി... അന്നെന്റെ ചന്തികിട്ടു നല്ലോണം ഒന്ന് കൊണ്ടു... അതോടെ ഞാന്‍ അടങ്ങി... എന്റെ വേദനയില്‍ പങ്കു കൊണ്ട് ഇക്ക്രുവും അടങ്ങി... പക്ഷെ ഞങ്ങള്‍ തോല്‍വി സമ്മതിച്ചില്ല ..ബാലവാടിയിലെ ഉപ്പുമാവിന്റെയും കഞ്ഞിയുടെയും വിവരണം കേട്ട് കൊച്ചു വാവയും വന്നു തുടങ്ങി... അങ്ങനെ നാട്ടുക്കാര്‍ ഞങ്ങളെ വിദഗ്ദമായി തന്നെ തളച്ചു എന്ന് പറയാം...ബാലവാടിയില്‍ വച്ചു ഞങ്ങള്‍ക്ക് രണ്ടു കൂട്ടുകാരെ കൂടെ കിട്ടി മനോഹരനും ( അവന്‍ ജനിക്കുന്നതിനു മുന്പ് ഇട്ടതായിരിക്കാം എന്നാണ് ഞങ്ങളുടെ നിഗമനം) അനിലും ... നുള്ളലും പിച്ചലും കരച്ചിലും ചീറ്റലുമായി ദിവസങ്ങള്‍ പോയി...

മുണ്ടൂര്‍ മീരാനില്‍ ഉച്ചയ്ക്കുള്ള മാറ്റിനി ഇടാന്‍ നേരമായി... രണ്ടു മണിക്ക് പാട്ടിടാന്‍ തുടങ്ങും എന്നും ഒരേ പാട്ടുകള്‍...അപ്പോഴേക്കും ഞങ്ങള്‍ വീടെത്തി തുടങ്ങും
മാമ ഉ൯ പൊണ്ണ കൊട്...
ആമാ സൊല്ലി പുട് ...
അട മാമ ഉ൯ പൊണ്ണ കൊട്

രാക്കമ്മ കൈയ്യ തട്ട്...
പുതു രാഗത്തില്‍ മെട്ടു കട്ട്

അന്ന് ഞങ്ങളുടെ നാട്ടില്‍ ടി.വി ഒന്നും വന്നു തുടങ്ങീട്ടില്ല ... ഞങ്ങള്‍ക്ക് ആകെ ഉള്ള ആശ്രയം മുണ്ടൂര്‍ മീരാന്‍ ആണ്... അതില്‍ മിക്കവാറും തമിഴ് പടങ്ങള്‍ ആണ് വരാറ്... എന്റെ വീട്ടിനു മുറ്റത്താണ് സിനിമ തീയേറ്റര്‍ ... ഞങ്ങള്‍ സിനിമ കോട്ട എന്നായിരുന്നു പറഞ്ഞിരുന്നത്... ഞങ്ങടെ മുറ്റത്തു നിന്നാല്‍ അവിടെ ഇടുന്ന പാട്ടുകളും... സിനിമയുടെ ശബ്ദ രേഖയും കേള്‍ക്കാം... പാട്ടിട്ടാല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു പ്രാന്ത് പിടിച്ച പോലെയാണ്... പിന്നെ സിനിമ തുടങ്ങുന്നത് വരെ ഞങ്ങള്‍ ചാട്ടം തുടരും... എന്റെ ഇഷ്ടപെട്ട പാട്ട് മാമ പൊണ്ണ കൊട് ആയിരുന്നു... എനിക്ക് കൂട്ട് ഇക്ക്രുവും... അന്നെങ്ങാനും വല്ല സൂപ്പര്‍ ഡാന്‍സര്‍ ഷോയും ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും അത് ഞങ്ങള്‍ക്ക് കിട്ടിയെന്നേ... താളവും ബോധവുമില്ലാത്ത ചാട്ടം... അതായിരുന്നു ഞങ്ങളുടെ ഡാന്‍സ് ... അതില്‍ ആയിരുന്നു ഞങ്ങളുടെ സന്തോഷം..

ഞങ്ങള്‍ പലപ്പോഴും പോവാറ് സെക്കന്റ്‌ ഷോ കാണാന്‍ ആണ്... അത് കൊണ്ടു തന്നെ ഒരു പടവും ഞാന്‍ മുഴുവന്‍ കണ്ടിട്ടുണ്ടാവില്ല... കേറുമ്പോഴേ ഞാന്‍ ഉറങ്ങി പോകും... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല... കണ്ടില്ലെങ്കിലും എന്റെ ഇഷ്ടത്തിന് ആ സിനിമേടെ കഥ ഞാന്‍ എല്ലാര്‍ക്കും പറഞ്ഞു കൊടുക്കും ... ആദ്യമായി ഞാന്‍ മുഴുവന്‍ കണ്ട പടം.. ജെള്ളികെട്ടു കാള എന്ന തമിഴ് പടം ആണ്... അന്ന് വീട്ടില്‍ വല്യമ്മയും മക്കളും എല്ലാം ഉണ്ടായിരുന്നു ഞങ്ങള്‍ എല്ലാം ഒന്നിച്ചാണ് പോയത്... ആദ്യമായി സെക്കന്റ്‌ ഷോ മുഴുവന്‍ ഞാന്‍ കണ്ടിരിക്കുന്നു... ഞാന്‍ ചില്ലറക്കാരി അല്ല... വല്യവരുടെ കൂട്ടത്തിലേക്ക് എനിക്കും പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു...

മെല്ലെ മെല്ലെ അനില്‍ എന്റെ വീട്ടില്‍ കളിയ്ക്കാന്‍ വന്നു തുടങ്ങി... ഇക്ക്രുവിന്റെ അനിയത്തി ആണ് കൊച്ചുവാവ അത് കൊണ്ടു ഞങ്ങള്‍ ചോറും കൂട്ടാനും കളിക്കുമ്പോള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പരുത്തി പൂവും, മഞ്ഞ കോളാമ്പി പൂവും എല്ലാം അവന്‍ അവള്‍ക്കു മാത്രം വലിച്ചു കൊടുക്കും... എനിക്ക് കിട്ടുന്നത് ഇലകള്‍ മാത്രം... അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു...കൊച്ചുവാവേടെ കറികള് എല്ലാം കളര്ഫുള്ളും എന്റെ എല്ലാ കറികളും പച്ച നിറത്തിലും ഇരുന്നു ...അനില്‍ വന്നതോടെ എനിക്കുള്ള പൂവും പിന്നെ പപ്പടം ഇലയും എല്ലാം അവന്‍ എനിക്ക് വലിച്ചു തരാന്‍ തുടങ്ങി... ചോറും കറിയും വച്ചു കഴിഞ്ഞാല്‍ പിന്നെ കൊച്ചുങ്ങളെ ഒക്കത്തെടുത്ത്‌ പരസ്പരം വിരുന്നു പോകണം അതാണ്‌ ഏര്‍പ്പാട്... അപ്പോള്‍ കറികള്‍ എല്ലാരും പരസ്പരം വിലയിരുത്തും... നീണ്ട ആടലോടകത്തിന്റെ ഇലയില്‍ നനഞ മണ്ണും... ചെമ്പരത്തി ഉപ്പേരിയും പപ്പടവും എല്ലാം വിളമ്പി ഒരു ഊണ്... ഇടയ്ക്ക് കൈയിലെ പാവകളെ കുറിച്ച് അഭിപ്രായ പ്രകടനവും എന്റെ മോള്‍ക്ക്‌ തീരെ വയ്യ പനിയാണ്... ആശുപത്രില്‍ പോണം... നിന്റെ മോള്‍ക്ക്‌ പനി ഉണ്ടോ? അപ്പോള്‍ കൊച്ചുവവയും പറയും എന്റെ മോള്‍ക്കും പനിയാ... പിന്നെ ഒന്നിച്ചു ഇക്ക്രുന്റെ ബസില്‍ ... ഉജാല ടപ്പിയില്‍ ചെരുപ്പ് മുറിച്ചു ടയര്‍ ഉണ്ടാക്കി കോല് വച്ച വണ്ടിയില്‍ ആശുപത്രിയിലേക്ക് ഒരു പോക്ക്... അനില്‍ ആയിരിക്കും ഡൊക്ട൪ അവന്‍ ചികിത്സിച്ചാല്‍ അതോടെ കൊച്ചുങ്ങളുടെ അസുഖം മാറും...

അപ്പോഴേക്കും എന്റെയും കൊച്ചുവാവയുടെയും ഇക്ക്രുവിന്റെയും ഇടയിലേക്ക് അനിലും കൂടി ഇരുന്നു... കളി കഴിഞ്ഞാല്‍ പിന്നെ മൂന്ന് നാലു വര്‍ഷത്തെ ഞങ്ങളുടെ അനുഭവങ്ങളുടെ കഥ.. എനിക്കെന്നും പറയാന്‍ ഉള്ളത് അച്ഛന്റെ കാട്ടിലെ കഥ ആയിരുന്നു... എന്റെ വിചാരം കേരളത്തിലെ എല്ലാ കാടും എന്റെ അച്ഛന്റെ പേരില്‍ ആയിരുന്നു എന്നാണ്... ആ അഹങ്കാരത്തില്‍ ആണ് കഥയുടെ കെട്ട് എഴിക്കുക... അച്ഛന്റെ കാട്ടില്‍ ഞാന്‍ പോയപ്പോള്‍ രണ്ടു പുലി എന്റെ അടുത്തൂടെ പോയതും .. എന്നെ കണ്ടപ്പോ തിരിഞ്ഞു നോക്കിയതും ... ഞാന്‍ പേടിക്കാതെ നിന്നതും ... സിംഹം എന്നെ കടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ മരത്തില്‍ കയരിയതും ... അവസാനം സിംഹം കുറച്ചു നേരം നിന്നിട്ട് കാട്ടിലേക്ക് തിരിച്ചു പോയതും ... പിന്നെ എന്നെ കടിക്കാന്‍ വന്ന മലമ്പാമ്പിന്റെ വാലില്‍ പിടിച്ചു അച്ഛന്‍ പാറയില്‍ അടിച്ചു കൊന്നതും തുടങ്ങി ... ഞാന്‍ അവിടെ ചെന്നാല്‍ മുയലിന്റെ കൂടെയാണ് കളിക്കുക... എന്റെ കൂടെ കളിക്കാ൯ കുട്ടി ആന കാട്ടില് നിന്നു വരും അതിന്റെ കൂടെപിന്നെ ഊണും ഉറക്കവും ...അങ്ങനെ ഞാന്‍ ഒരു സംഭവമായി നിലനിന്നു അവര്‍ക്കിടയില്‍... ഇക്ക്രു ഒട്ടും മോശമല്ല ഇതിനെ വെല്ലുന്ന കഥകള്‍ അവന്റെ അടുത്തും ഉണ്ട്...



തുടരും