Sunday, April 22, 2012

അങ്ങനെ ഞാനും കുറ്റവാളിയായി


മഴ മാറി... പുതിയ ബുക്കുകളുടെ മണവും   മാറി... സ്കൂളില്‍ പോകാനുള്ള മടിയും മാറി കൊണ്ടിരുന്നു... എങ്കിലും ഞായാറാഴ്ച എത്തുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്‍ ആണ്... ഈ രാത്രി പുലരല്ലേ എന്ന് ആശിച്ചു കിടക്കും...തിരക്കുകള്‍ കൂടി കൂടി വന്നു... ആകെ വൈകുന്നേരം കുറച്ചു നേരമാണ് കളിയ്ക്കാന്‍ കിട്ടുന്നത്... അതും പുറത്ത് പോകാന്‍ പപ്പ സമ്മതിക്കില്ല... ഇക്ക്രുനു പപ്പയെ പേടി ആയതു കൊണ്ട് അവനും കൊച്ചുവാവയും ശനിയും ഞായറും  മാത്രമേ കളിയ്ക്കാന്‍ വരൂ ... പിന്നെ അനില്‍ മാത്രം ഇടയ്ക്കിടയ്ക്ക് പപ്പ കാണാതെ വരും... ഞങ്ങള്‍ ഗോട്ടി കളിക്കും... കഥകള്‍ പറയും... ഞാന്‍ അവനു ബാക്കി വന്ന നെയിം സ്ലിപ്പുകള്‍ കൊടുക്കും... പിന്നീടെന്റെ കാത്തിരിപ്പ്‌ സ്കൂള്‍ ഒന്ന് അടച്ചു കിട്ടാന്‍ ആയിരുന്നു...

ആരും ഇല്ലാത്ത ദിവസങ്ങളില്‍ മുറ്റത്തെ ചെടികള്‍ ആയിരുന്നു കൂട്ട്... ഞാന്‍ എല്ലാം സംസാരിച്ചത് അവരോടു മാത്രമായിരുന്നു... ഇന്നും അവയ്ക്ക് മാത്രമേ എന്റെ മനസ്സിലെ കാര്യങ്ങള്‍ എല്ലാം അറിയൂ... ബാത്രൂമിലെ ടാപ്പ്‌ ആയിരുന്നു എന്റെ ഏറ്റവും  അടുത്ത  സുഹൃത്ത്... അതിനകത്ത് കയറിയാല്‍ ഇറങ്ങി വരന്‍ ഞാന്‍ ഒരു നേരം എടുക്കും... അതിനോട് ഓരോ വിശേഷങ്ങളും പറഞ്ഞു വെള്ളം ഒറ്റിച്ചു കളിച്ചു കൊണ്ടേ ഇരിക്കും... ഇതിനിടയ്ക്ക് അമ്മേടെ അടി  ഏതു  വഴി വരും എന്ന് ഒരു കണ്ണും വയ്ക്കണം (ബൂലോക സദാചാരികള്‍ ഈ  പ്രാവശ്യത്തെക്ക് വിട്ടേക്ക്... എനിക്ക് ടൊയിലെറ്റോമനിയ ആണ് ) 

അമ്മ പഠിപ്പിക്കാന്‍ ഇരിക്കുമ്പോള്‍ ഏട്ടന്റെ പുസ്തകങ്ങളും എന്റെ പുസ്തകങ്ങളും ഞാന്‍ മാറി മാറി നോക്കും... ഏട്ടന്റെ  ബുക്കുകളില്‍ വല്ല്യ വല്ല്യ വാക്കുകളും എന്റെ ബുക്കില്‍ തറയും പറയും... ഞാന്‍ സമ്മതിക്കൂല... ഇത് പക്ഷപാതം ആണ് ... ഞങ്ങള്‍ രണ്ടു പേരും പഠിക്കുന്നത് ഒരേ സ്കൂളില്‍ ... പോകുന്നത് ഒരേ വാനില്‍ ... പക്ഷെ പഠിക്കാന്‍ മാത്രം വ്യത്യസ്ത പുസ്തകങ്ങള്‍ .. ഇത് ശെരിയല്ല... അന്ന് വിദ്യാര്‍ഥി രാഷ്ട്രീയം എല്‍.കെ.ജി യില്‍ ഉണ്ടായിരുന്നെങ്കില്‍ കൊടി പിടിക്കാന്‍ മുന്നില്‍ ഞാന്‍ ഉണ്ടായിരുന്നേനെ... ഈ നെറികേടുകള്‍ പുറത്ത് കൊണ്ട് വരണം... എന്റെ കുഞ്ഞു മനസ് തിളച്ചു... തിളച്ചിട്ടു കാര്യമില്ല... ആരും എന്റെ വാക്ക് വില വയ്ക്കില്ല... ചുമരും, ചെടികളും, ടാപ്പും ഒഴിച്ച്... 

വല്ല്യ വാക്കുകള്‍ എഴുതലായി പിന്നെ എന്റെ ഹോബി... പഠനം പുസ്തകങ്ങള്‍പ്പുറം ആവണം എന്നല്ലേ  വല്ല്യ വല്ല്യ ആളുകള്‍ പറഞ്ഞിരിക്കുന്നത് (പേരൊന്നും എനിക്ക് അറിയില്ല ) ചുമരില്‍ മുഴുവന്‍ പുതിയ പുതിയ വാക്കുകളും വല്ല്യ വല്ല്യ വാക്ക്യങ്ങളും കൊണ്ട് നിറഞ്ഞു.. (അതെന്താന്നൊന്നും ചോദിക്കരുത്) എനിക്ക് പോലും അറിയില്ല... ഇന്ന് പഴയ ഡിക്ഷ്ണറി എടുത്തു നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ഇരിക്കുന്നത് കണ്ടു..

hmmrsstvop=.kikohvm
==.opലകസമകമരവാലകിവി

കവി അതായത് ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് തന്നെ മനസിലായില്ല... എന്തൊക്കെയോ നീളത്തില്‍ എഴുതണം അതിനു വേണ്ടി എഴുതി കൂട്ടിയതാ ( അന്നേ എന്റെ ഉള്ളില്‍ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നത് കണ്ടില്ലേ നിങ്ങള്‍ ) ചുമരിലെ പെയിന്റൊക്കെ മാന്തി എടുത്താല്‍ ഇത് പോലുള്ള ഒരു പാട് ലിപികള്‍ കാണാം...എനിക്കുള്ള പേടി എങ്ങാനും ഇനി അടുത്ത നൂറ്റാണ്ടില്‍ നമ്മളൊന്നും ജീവിക്കാന്‍ ഇട ഇല്ലാത്ത കാലത്ത്... ഇതെങ്ങാനും മാന്തി എടുത്തു പുരാവസ്തു  ഗവേഷകര്‍  പറയും ഇതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ലിപി.. വായിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല... ചരിത്ര പരമായ രേഖകളാണ് ഇതില്‍ നിറച്ചു എന്നൊക്കെ...വേണമെങ്കില്‍ ഒരു പേരും ഇടും... ഇങ്ങനെ ഒക്കെ ആവും ശിലായുഗ ലിപികള്‍ ഒക്കെ കണ്ടെടുത്തത് ... ചരിത്രം ഉണ്ടാവുന്നത് ഇങ്ങനെയൊക്കെ അല്ലെ (ഓടിച്ചിട്ട് തല്ലണ്ട... ഞാന്‍ നിന്ന് തരാം )

ഒരേ ദിവസങ്ങള്‍ ... സ്കൂളിലെ തറയും, പറയും, പനയും എനിക്ക് ബോര്‍ അടിച്ചു... കെ.പി.ആര്‍.പി ചെറിയ സ്കൂള്‍ ആണ്... താഴെ രണ്ടു ക്ലാസുകള്‍ എല്‍.കെ.ജിയും, യു.കെ.ജിയും... കുറച്ചു സ്റ്റെപ്പ് കയറി ചെന്നാല്‍ ഒരു  വല്ല്യ  ഹാള്‍ ... ആ ഹാള്‍ കുറെ ക്ലാസ്സുകളായി തിരിച്ചിരിക്കുന്നു...  ഞാന്‍ എല്‍ .കെ.ജിയിലും ഏട്ടന്‍ രണ്ടാം ക്ലാസിലും ... കെ.ജി ക്ലാസ്സുകാര്‍ക്കും ബാക്കി ക്ലാസ്സുകാര്‍ക്കും വെവ്വേറെ സമയങ്ങളില്‍ ആയിരുന്നു ഉച്ചയ്ക്കുള്ള ഇന്റെര്‍വല്‍ ... ഇടയ്ക്ക് ഒരി പനി വന്നതോടെ... കുറച്ചു വാശിയും മടിയും ഒക്കെ കൂടി എനിക്ക് ... ഉച്ചയ്ക്ക് ക്ലാസ്സില്‍ ഇരുന്നു കഴിക്കാന്‍ മടി... എല്ലാത്തിനും ഏട്ടന്‍ വേണം..  അത് കൊണ്ട്  ഉച്ചയ്ക്ക് ബെല്‍ അടിക്കുന്നതും ഭക്ഷണം കഴിക്കാതെ ക്ലാസിനു മുന്നില്‍ ചേട്ടന് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും...ചേട്ടന്‍ വന്നിട്ട്  ചേട്ടന്റെ   കൂടെ  ചേട്ടന്റെ   ക്ലാസ്സില്‍ പോയിരുന്നു ഞാനും ഭക്ഷണം കഴിക്കും...

അങ്ങനെ ഒരു ദിവസത്തിലാണ്  എന്റെ ജീവിതത്തിലെ   ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യം സംഭവിച്ചത് .. ഒരു ദിവസം... ഉച്ചയ്ക്ക് ബെല്‍ അടിച്ചപ്പോള്‍ പതിവ് പോലെ ഞാന്‍ ഏട്ടനെ കാത്തു പുറത്ത് നിന്നു...ഏട്ടന്‍ വന്നപ്പോള്‍ പാത്രമെടുത്ത്‌ ഏട്ടന്റെ   ക്ലാസ്സിലേക്ക് പോയി... തിരിച്ചു ഞാന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ കാണുന്നത് ക്ലാസ്സില്‍ ആകെ പാടെ ബഹളം...ഒരു കുട്ടി ഇരുന്നു കരയുന്നു ചുറ്റും മറ്റു കുട്ടികളും ടീച്ചര്‍മാരും... ആ കുട്ടിയുടെ ചോറ് പാത്രം കാണാനില്ല അതിനുള്ള തിരച്ചില്‍ ആണ് അവിടെ നടക്കുന്നത്... ഞാന്‍ മെല്ലെ എന്റെ  സീറ്റില്‍ ചെന്നിരുന്നു... തിരച്ചില്‍  സംഘം ന്റെ   അടുത്തേക്ക് വന്നു... എന്റെ   ബാഗ് തുറന്നു നോക്കി... പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്... ആ ചോറ് പാത്രം എന്റെ   ബാഗില്‍ .... അതെങ്ങനെ വന്നു ഞാനറിയാതെ ??? 




ടീച്ചര്‍ പത്രമെടുത്ത്‌ ആ കുട്ടിക്ക് കൊടുത്തു.... അവള്‍ കരച്ചില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങി... എല്ലാവരും രൂക്ഷമായി എന്നെ നോക്കുന്നു... ടീച്ചര്‍മാര്‍ പരസ്പരം എന്തൊക്കെയോ പറയുന്നു... വിങ്ങി പൊട്ടി നിന്ന ഞാന്‍ കരഞ്ഞു പോയി... ആരോ എന്റെ   ബാഗില്‍ കൊണ്ടിട്ടതാവാം പക്ഷെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കുറ്റവാളിയായി... എനിക്ക് നേരെ സ്പോഞ്ച് നീട്ടിയ സുഹൃത്ത് വരെ എന്നെ രൂക്ഷമായി നോക്കി... എനിക്കത് താങ്ങാവുന്നതിലും അധികം ആയിരുന്നു... ഞാന്‍ വിങ്ങി പൊട്ടി കണ്ണുനീര്‍  ഒഴുക്കി  കൊണ്ടേ ഇരുന്നു... അവന്‍ അരികത്തു വന്നു... അവന്റെ ഷ൪ട്ടില്‍ പിന്‍ ചെയ്ത കര്‍ചീഫ്‌ കാണിച്ചു... "കരയണ്ട ട്ടോ.." എന്ന് പറഞ്ഞു... ഈ ഒരു കാരണം കൊണ്ടാവാം ഞാന്‍ അവനെ ആരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടത്... അന്ന് സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചു ഞാന്‍ ഇനി ഈ സ്കൂളില്‍ തിരിച്ചു വരില്ല ... എന്നെ കള്ളിയായി കാണുന്ന ഈ കുട്ടികളുടെ മുന്നില്‍ ഇനി ഞാന്‍ വരില്ല... ന്നാലും ആരായിരിക്കും ആ ചോറ് പത്രം എന്റെ ബാഗില്‍ ഇട്ടതു എന്ന  ചോദ്യം എന്നെ അലട്ടി  കൊണ്ടേ ഇരുന്നു ..


വാല്‍കഷ്ണം :ഞാന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.. ബെല്‍ അടിച്ചപ്പോഴേ ഞാന്‍ ക്ലാസ്സീന്നു പുറത്തു പോയി... അപ്പോള്‍ ഞാന്‍ എങ്ങനെ എടുക്കാനാ  ആ കുട്ടീടെ ചോറ് പാത്രം...?? പക്ഷെ ആ സമയത്ത് എന്റെ   കുഞ്ഞു മനസ്സിന് അതൊന്നും പറയാന്‍ തോന്നീല കരയാന്‍ അല്ലാതെ... അന്നനുഭവിച്ച അപമാന ഭാരം...ഇന്നും ആ സംഭവം ഒരു ഞെട്ടലോടെയാണ്  ഞാന്‍ ഓര്‍ക്കുക... ആരായിരിക്കും ആ പത്രമെടുത്ത്‌ എന്റെ   ബാഗില്‍ ഇട്ടിട്ടുണ്ടാവുക??  ഇന്നും എന്തിനൊക്കെയോ ഉള്ള ഉത്തരം കണ്ടുപിടിച്ചിട്ടും... കണ്ടു പിടിക്കാന്‍ കഴിയാത്ത ഉത്തരം ഈ ചോദ്യത്തിന് മാത്രമാണ്... ആരായിരിക്കും എന്റെ   ബാഗില്‍ ആ പാത്രം കൊണ്ട് ഇട്ടിട്ടുണ്ടാവുക???


Saturday, April 7, 2012

തിരിച്ചടികളും എന്റെ പ്രണയവും


ദിവസങ്ങള്‍ പോയി... എന്റെ ബാലവാടി പോക്ക് നിര്‍ത്തി.. കാരണം ഒന്നുമല്ല അവര്‍ക്ക് എന്നെ നോക്കാനുള്ള കരുത്തു ഇല്ലത്രെ!!
ഇനിയുള്ള ദിവസങ്ങള്‍ ജീവിതത്തിലെ പച്ചയായ സത്യം അറിയാനുള്ളതാണ്... മൂന്നാം വയസ്സില്‍ എന്ത് സത്യം അറിയാന്‍ എന്നല്ലേ പക്ഷെ ഞാന്‍ അറിഞ്ഞു ...
ജീവിതത്തില്‍ ഞാന്‍ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുന്നു...എന്റെ മുലകുടി അമ്മ നിര്‍ത്തിച്ചു.. വേപ്പില അവിടെ തേച്ചപ്പോള്‍ അത് കഴുകി കളയാന്‍ ഞാന്‍ അമ്മയോട് കെഞ്ചി പറഞ്ഞു അമ്മ കേട്ടില്ല... 
ചൈ ചോണ്ട് വാ..
ചൈ ചോണ്ട് വാ..
എന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു..
അമ്മ അനങ്ങിയില്ല.. 
എന്റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും അവ വേര്‍പ്പെടുത്തിയതാണ് എന്റെ ജീവിതത്തിലെ ആദ്യ തിരിച്ചടി...ഇത്രയും വിഷമം വേറൊന്നും കിട്ടാതിരുന്നപ്പോഴും എനിക്ക് തോന്നിയിട്ടില്ല... ഇന്നും... വിശന്നു ഞാന്‍ കരഞ്ഞപ്പോള്‍ എന്നെ ശ്രദ്ധിക്കാതെ അമ്മ തിരിഞ്ഞു കിടന്നു... എന്റെ കണ്ണീര്‍ കൊണ്ട് തലയിണ നനഞ്ഞു... ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങി.. സ്വന്തം അമ്മ അന്നം മുട്ടിച്ചിരിക്കുന്നു... ഇതിലും വലുത് ഇനി  വരാന്‍ ഉണ്ടോ ... അമ്മയോട് ആദ്യമായി ദേഷ്യം തോന്നിയ നിമിഷങ്ങള്‍ 

എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍   തീരുമാനമായി ... 
ഞാന്‍ സ്കൂളില്‍  പോകാറായിരിക്കുന്നു .. ഏട്ടനെ പോലെ ഞാനും വല്ല്യ കുട്ടി ആയിരിക്കുന്നു.. 
സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി..
ആകെ ഉള്ള വിഷമം  ഇക്ക്രുവും കൊച്ചുവാവയും  വേറെ സ്കൂളില്‍ ആണ്.. വീടിനടുത്തുള്ള... മലയാളം മീഡിയം സര്‍ക്കാര്‍ സ്കൂള്‍ ...പക്ഷെ എന്നെ ചേര്‍ക്കുന്നത് ഏട്ടന്‍ പഠിക്കുന്ന സ്കൂളില്‍ ആണ്... ഇംഗ്ലീഷ്  മീഡിയം  കെ.പി. ആര്‍ . പി സ്കൂള്‍ 
പുതിയ ബാഗും, യുനിഫോര്മും , കുടയും ,  ഒക്കെ ചൂടിയുള്ള  പോക്ക് ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍ കൊണ്ടു...പുതിയ മണമുള്ള ബുക്കുകളും അത് പൊതിയാന്‍ ഉള്ള പേപ്പറും,നെയിം സ്ലിപ്പുകളും വീട്ടില്‍ ചിന്നി ചിതറി കിടന്നു.. സ്കൂളില്‍ പോകാനുള്ള ദിവസം അടുത്ത് വരുന്തോറും സന്തോഷമാണോ സങ്കടമാണോ ഉള്ളില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി ഞാന്‍ 

ആ  ദിവസം എത്തി.. നല്ല മഴയുള്ള ഒരു ദിവസം.. പുതിയ കുട ചൂടിയ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതായി...എന്നെ അമ്മയും അച്ഛനും ചേര്‍ന്ന് സ്കൂളില്‍ കൊണ്ടാക്കി..എല്‍ .കെ.ജി ക്ലാസ്സില്‍ കൊണ്ടിരുത്തി...അവിടെ തന്നെ രണ്ടാം ക്ലാസ്സില്‍ ആണ് ചേട്ടന്‍ പഠിക്കുന്നത്..എന്നെ കൊണ്ടാക്കി അവര്‍ തിരിഞ്ഞു നടന്നപ്പോള്‍ ഹൃദയം പിളരുന്ന വേദനയില്‍ ഞാന്‍ അലറി കരഞ്ഞു...പുറത്തെ മഴയത്തു എന്റെ ഏങ്ങലടികള്‍ അവര്‍ കേട്ടില്ലെന്നു തോന്നുന്നു... അതോ കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചുവോ..??അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി..എന്റെ ജീവിതത്തിലെ രണ്ടാമത്തെ  തിരിച്ചടി

ചുറ്റും അപരിച്ചിതര്‍ ... ദേവയാനി ടീച്ചര്‍  എന്നെ പിടിച്ചു  കൊണ്ടു ഫസ്റ്റ് ബെഞ്ചില്‍ ഇരുത്തി..  ഞാന്‍ ചുറ്റും നോക്കി ..എങ്ങും കരഞ്ഞു കലങ്ങിയ  കണ്ണുകള്‍ .. ചുറ്റുപാടും നിന്നും ഏങ്ങലടികള്‍ കേള്‍ക്കാം...ചിലര്‍ ഓടി പോകാന്‍ ശ്രമിക്കുന്നു...അവരെ പിടിച്ചിരുത്താന്‍ പണി പെടുന്ന  ടീച്ചര്‍മാര്‍... ഓരോ മുക്കലും മൂളലും കൂട്ട  കരച്ചിലുകള്‍ക്ക് വഴി ഒരുക്കുന്നു..ഓരോ കണ്ണ് നിറയുമ്പോഴും പരസ്പരം നോക്കി ഞങ്ങള്‍ സമാധാനിപ്പിച്ചു... പിന്നീട് ഒറ്റപ്പെട്ട ഏങ്ങലടികള്‍ മാത്രമായി... നമ്മുടെ വിധിയാണ് ഇത്... അനുഭവിച്ചേ പറ്റു... ഞങ്ങള്‍ പരസ്പരം തണലായി 


പക്ഷെ അവന്‍ ഞങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു... പൂച്ച കണ്ണുകളും തുടുത്ത കവിളുകളും ഉള്ള ആ സുന്ദരകുട്ടന്‍ എന്റെ അരികത്തായി വന്നിരുന്നു... ഇത്രയും വെളുത്ത  ഒരു കുട്ടിയെ ഞാന്‍ കണ്ടിരുന്നില്ല വിമല ആന്റിയുടെ  വീട്ടിലുള്ള പോമെറേനിയന്‍ പട്ടിയെ   (ഊട്ടി പട്ടി എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌ ) പോലെ സുന്ദരന്‍ (അവന്റെ പേര് ജിതിന്‍ ആണെന്നൊരു നേരിയ ഓര്മ )അവന്‍ എന്റടുത്ത് ചിരിച്ചു (അവിടെ ഒരു പ്രണയം മൊട്ടിട്ടു എന്ന്  തന്നെ  പറയാം ) അവന്റെ പുതിയ  സ്ലേറ്റു  പെന്‍സില്‍ എനിക്ക് കാണിച്ചു തന്നു..എന്റെ സാധാരണ പെന്‍സില്‍ ആയിരുന്നു പക്ഷെ അവന്റെ പെന്‍സില്‍ വെളുത്ത നിറത്തില്‍  ഉരുണ്ട്  ചുറ്റും നിറങ്ങള്‍ ഉള്ള പെന്‍സില്‍ ... അത് വച്ച് എഴുതിയാല്‍  സ്ലേറ്റിലും  നിറം വരും..  ഞാന്‍ എന്റെ മണികള്‍  ഉള്ള സ്ലേറ്റു അവന്റെ മുന്നില്‍ നിരത്തി വച്ചു... അത് അവനു ഇല്ല അവന്‍ ആ മുത്തുകള്‍ എണ്ണി തുടങ്ങി... 
ഒന്നേ..
നാലേ..
മൂന്നേ..
അഞ്ചെ .. 
ഞങ്ങള്‍ നല്ല കൂട്ടായി .. ഉച്ചയ്ക്ക്  ഏട്ടന്‍ എന്നെ കാണാന്‍ വന്നു .. ഏട്ടന്റെ കൂടെ പോകണമെന്ന് വാശി പിടിച്ചെങ്കിലും എന്റെ പോമെറേനിയന്‍ പട്ടി കുട്ടിയെ പോലുള്ള കൂട്ടുകാരനെ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളിലെ കാമുകി ഏട്ടനെ തള്ളി പറഞ്ഞു..  

ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു .. തിരിച്ചു വന്നു അമ്മയുടെ മടിയില്‍ കിടന്നപ്പോള്‍ ... ഇനി  സ്കൂളില്‍ പോക്ക് ഉണ്ടാവില്ല  എന്ന് തന്നെ ഉറപ്പിച്ചു .. പക്ഷെ എന്റെ ഉള്ളിലെ കാമുകിക്ക് തന്റെ കാമുകനെ വിട്ടു പിരിയാന്‍ മനസില്ലാത്തത് കൊണ്ടു അവനെ ഓര്‍ത്ത്... അവനെ  ഓര്‍ത്ത് മാത്രം... വീണ്ടും ബുക്കുകള്‍ ബാഗിലേക് അടുക്കി വച്ചു 

രാവിലെ റേഡിയോയിലെ ചലച്ചിത്രഗാനങ്ങള്‍ കേട്ട് കൊണ്ടാണ് ദിവസങ്ങളുടെ തുടക്കം... വാര്‍ത്ത ആവുമ്പോഴേക്കും കുളിച്ചിരിക്കണം... ഞാനും ഏട്ടനും ഒന്നിച്ചാണ് കുളി... സ്കൂളില്‍ പോകാറാവുമ്പോഴേക്കും ഹൃദയമിടിപ്പുകള്‍ കൂടും..   എന്റെ ഏറ്റവും  വല്ല്യ പേടി എന്റെ അമ്മയെ ആരെങ്കിലും തട്ടി കൊണ്ടു പോകുമോ എന്നതായിരുന്നു... അത് കൊണ്ടു മാത്രമാണ് ഞാന്‍ സ്കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നത് .. അത് പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് അറിയില്ലലോ...  അമ്മയെ തട്ടി കൊണ്ട് പോയിട്ട് അമ്മേടെ രൂപത്തില്‍ ഉള്ള വേറെ ആരെയെങ്കിലും ആയിരിക്കുമോ ഞാന്‍ തിരിച്ചു വരുമ്പോഴേക്കും വീട്ടില്‍ എത്തിക്കുക എന്നതായിരുന്നു എന്റെ സംശയം...  അമ്മയെ തിരിച്ചറിയാനായി അമ്മ അറിയാതെ ദേഹത്ത് പേന കൊണ്ടു മറുക് ഉണ്ടാക്കുമായിരുന്നു ഞാന്‍ .. തിരിച്ചു വന്ന ശേഷം ഞാന്‍ ചെക്ക്‌ ചെയ്യും...ആ മറുകെങ്ങാനും കണ്ടില്ലെങ്കില്‍ പിന്നെ മൊത്തത്തില്‍ ഒരു ചെക്കിംഗ് ആണ് അമ്മയുടെ മൂക്കിനു വല്ല വളവും ഉണ്ടോ .. ചുണ്ടിനു എന്തെങ്കിലും നേരിയ മാറ്റം ഉണ്ടോ... അമ്മ അത് തന്നെയാണെന്ന് സ്ഥിതികരിച്ചെങ്കിലേ എനിക്ക് സമാധാനം കിട്ടൂ... ഒരു നാലാം ക്ലാസ്സ്‌ വരെ ഈ ചെക്കിംഗ് തുടര്‍ന്ന് പോന്നു...(എന്തിനാണ് ഞാന്‍ അങ്ങനെ സംശയിച്ചിരുന്നതെന്ന്  എനിക്കിന്നും അറിയില്ല ) വീട്ടുകാരുടെ ഒക്കെ സംരക്ഷണത്തിന് വേണ്ടിയാണ് ഞാന്‍ സ്കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞത്.. പക്ഷെ അത് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ലല്ലോ... അവര്‍ എന്നെ വീണ്ടും വീണ്ടും സ്കൂളില്‍ പറഞ്ഞയച്ചു  

സ്കൂള്‍ ബസിലേക്ക് എന്നെ വലിച്ചിടുകയായിരുന്നു ... രാധ മിസ്സ്‌ എന്നെ വലിച്ചു കേറ്റിയതും ഡോര്‍ അടയ്ക്കും... ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കും... ഇല്ല.. ആരും എന്നെ തിരിച്ചു വിളിക്കുന്നില്ല... ഞാന്‍ ആ സത്യം മനസിലാക്കി... ആര്‍ക്കും എന്നോട് ദയവില്ല... അമ്മയ്ക്കും അച്ഛനും ആര്‍ക്കും എന്നോട് ഇഷ്ടമില്ല...എന്റെ കൂട്ടുകാരന്‍ മാത്രമായിരുന്നു എനിക്കാശ്വാസം...അവനെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാന്‍ ആയി പിന്നീടു എന്റെ  പ്രയത്നങ്ങള്‍...വേറെ കുട്ടികള്‍ അവനെ തട്ടി എടുക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... കിണറ്റിന്‍ കരയില്‍ നിന്നും സ്ലേറ്റു മായിക്കുന്ന ചെടി ഞാന്‍ അവനു വേണ്ടി വലിച്ചു കൊണ്ടു കൊടുത്തു ...അവനു മാത്രമായിരുന്നു ക്ലാസ്സില്‍ രണ്ടു നിലയുള്ള  ബോക്സ്‌ ഉണ്ടായിരുന്നത്...എല്ലാവരുടെയും കണ്ണുകള്‍ അവന്റെ ബോക്സില്‍ ... ആ ബോക്സ്‌ കൈ കാര്യം ചെയ്യാന്‍ വേണ്ടി അവനോടു കൂട്ട്  കൂടാന്‍ പലരും തരം പാര്‍ത്തു ഇരിക്കുകയായിരുന്നു...ആ ബോക്സിനെ സംരക്ഷിക്കുക എന്നത് എന്റെ കൂടെ ദൌത്യമായി... 
ഒരു ദിവസം... ആ ബോക്സിന്റെ  താഴത്തെ തട്ടില്‍ നിന്നും എനിക്കായി അവന്‍ ഒരു സമ്മാനം എടുത്തു തന്നു...ഒരു സ്പോഞ്ച്...മഞ്ഞ നിറത്തിലുള്ള സ്പോഞ്ച്...സ്ലേറ്റു മായിക്കാന്‍... എനിക്കാദ്യമായി കിട്ടിയ പ്രണയ സമ്മാനം... 

Sunday, February 19, 2012

ഇക്ക്രുവും കൊച്ചുവാവയും പിന്നെ ഞാനും ...

കൂണ്ടുക്കുള്ള എന്നൈ വച്ചു കൂടി നിന്ന ഊരെ വിട്ടു
കൂണ്ടുക്കുള്ള പോണതെന്ന കൊലക്കിളിയെ
അടി മാനെ മാനെ ഒന്നത്താനെ
അടി നാനും നാളും തവിച്ചേനെ

മുണ്ടൂരുകാരുടെ ജീവസ്സും ഓജസ്സും ആയിരുന്നു മുണ്ടൂര്‍ മീരാന്‍ (ഇന്ന് ഈ തീയേറ്റര്‍ ഇവിടെ ഇല്ല ) മുണ്ടൂരുകാരുടെ ദിവസങ്ങള്‍ക്കു സംഗീതം പകര്‍ന്നു തന്നിരുന്നത് അവിടെ ഇട്ടിരുന്ന പാട്ടുകള്‍ ആയിരുന്നു... കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകള്‍ ... ഓരോ കാലവും ഓരോ പാട്ടുകള്‍

ഞാനും എന്റെ കുരുത്തകേടുകളും വളര്‍ന്നു കൊണ്ടേ ഇരുന്നു... വീട്ടില്‍ മാത്രമല്ല നാട്ടുകാര്‍ക്കും ഞാന്‍ ഉപദ്രവമായി തുടങ്ങി... അതില്‍ എനിക്ക് കൂട്ടായി ഇക്ക്രു, കൊച്ചു വാവ തുടങ്ങിയവരും കൂടി... അങ്ങനെ മുണ്ടൂര്‍ രാജ്യം ഞങ്ങള്‍ ഭരിച്ചു എന്ന് തന്നെ പറയാം ... എന്നേക്കാള്‍ ഒരു വയസ്സ് മൂത്തതാണ് ഇക്ക്രു... കൊച്ചു വാവ എന്നെക്കാള്‍ ഒരു വയസ്സ് ഇളയതും ... ഞങ്ങള്‍ മൂവര്‍ സംഘം ആയിരുന്നു മുണ്ടൂരിനെ നിയന്ത്രിച്ചിരുന്നത് ... ഞങ്ങളുടെ ശല്ല്യം സഹിക്ക വയ്യാതെ എങ്ങനെ എങ്കിലും സ്കൂളിലോ അല്ലെങ്കില്‍ ബാലവാടിയിലെങ്കിലും കൊണ്ടാക്കണം എന്ന് നിരന്തരമായി നാട്ടുകാര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു... ഇനിയും വീട്ടുകാര്‍ അതിനു മുതിര്‍ന്നില്ലെങ്കില്‍ നാട്ടുകാര്‍ അത് ചെയ്യും എന്ന് കണ്ടപ്പോള്‍ ഒരു ശല്ല്യം ഒഴിവാക്കി ഇക്ക്രുനെ ബാലവാടിയിലാക്കാന്‍ തീരുമാനമായി... പക്ഷെ ഇക്ക്രു ഉണ്ടോ പോകുന്നു... അവന്‍ എന്നേം കൊണ്ടേ പോകു... ചിഞ്ചു ഇല്ലാതെ അവന്‍ എവിടെയും പോകില്ല എന്ന ദൃഢ പ്രതിജ്ഞ എടുത്തു... അങ്ങനെ എന്നേം ബാലവാടിയിലാക്കാന്‍ അമ്മ നിര്‍ബന്ധിതയായി... ഒരു വെടിക്ക് രണ്ടു പക്ഷി !!!

അങ്ങനെ ഞാനും ഇക്ക്രും ബാലവാടിയില്‍ എത്തി... ആദ്യത്തെ ദിവസം ഞാന്‍ ടീച്ചറുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു എന്റെ അരിശം തീര്‍ത്തു... അന്ന് എന്റെ കഞ്ഞിയില്‍ അവര്‍ കൂടുതല്‍ ഉപ്പിട്ടു... അത് ഞാന്‍ ക്ഷമിച്ചു...അടുത്ത ദിവസം ടീച്ചറുടെ സാരി വലിച്ചുരാന്‍ ഞാന്‍ ഒരു ശ്രമം നടത്തി... അന്നെന്റെ ചന്തികിട്ടു നല്ലോണം ഒന്ന് കൊണ്ടു... അതോടെ ഞാന്‍ അടങ്ങി... എന്റെ വേദനയില്‍ പങ്കു കൊണ്ട് ഇക്ക്രുവും അടങ്ങി... പക്ഷെ ഞങ്ങള്‍ തോല്‍വി സമ്മതിച്ചില്ല ..ബാലവാടിയിലെ ഉപ്പുമാവിന്റെയും കഞ്ഞിയുടെയും വിവരണം കേട്ട് കൊച്ചു വാവയും വന്നു തുടങ്ങി... അങ്ങനെ നാട്ടുക്കാര്‍ ഞങ്ങളെ വിദഗ്ദമായി തന്നെ തളച്ചു എന്ന് പറയാം...ബാലവാടിയില്‍ വച്ചു ഞങ്ങള്‍ക്ക് രണ്ടു കൂട്ടുകാരെ കൂടെ കിട്ടി മനോഹരനും ( അവന്‍ ജനിക്കുന്നതിനു മുന്പ് ഇട്ടതായിരിക്കാം എന്നാണ് ഞങ്ങളുടെ നിഗമനം) അനിലും ... നുള്ളലും പിച്ചലും കരച്ചിലും ചീറ്റലുമായി ദിവസങ്ങള്‍ പോയി...

മുണ്ടൂര്‍ മീരാനില്‍ ഉച്ചയ്ക്കുള്ള മാറ്റിനി ഇടാന്‍ നേരമായി... രണ്ടു മണിക്ക് പാട്ടിടാന്‍ തുടങ്ങും എന്നും ഒരേ പാട്ടുകള്‍...അപ്പോഴേക്കും ഞങ്ങള്‍ വീടെത്തി തുടങ്ങും
മാമ ഉ൯ പൊണ്ണ കൊട്...
ആമാ സൊല്ലി പുട് ...
അട മാമ ഉ൯ പൊണ്ണ കൊട്

രാക്കമ്മ കൈയ്യ തട്ട്...
പുതു രാഗത്തില്‍ മെട്ടു കട്ട്

അന്ന് ഞങ്ങളുടെ നാട്ടില്‍ ടി.വി ഒന്നും വന്നു തുടങ്ങീട്ടില്ല ... ഞങ്ങള്‍ക്ക് ആകെ ഉള്ള ആശ്രയം മുണ്ടൂര്‍ മീരാന്‍ ആണ്... അതില്‍ മിക്കവാറും തമിഴ് പടങ്ങള്‍ ആണ് വരാറ്... എന്റെ വീട്ടിനു മുറ്റത്താണ് സിനിമ തീയേറ്റര്‍ ... ഞങ്ങള്‍ സിനിമ കോട്ട എന്നായിരുന്നു പറഞ്ഞിരുന്നത്... ഞങ്ങടെ മുറ്റത്തു നിന്നാല്‍ അവിടെ ഇടുന്ന പാട്ടുകളും... സിനിമയുടെ ശബ്ദ രേഖയും കേള്‍ക്കാം... പാട്ടിട്ടാല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു പ്രാന്ത് പിടിച്ച പോലെയാണ്... പിന്നെ സിനിമ തുടങ്ങുന്നത് വരെ ഞങ്ങള്‍ ചാട്ടം തുടരും... എന്റെ ഇഷ്ടപെട്ട പാട്ട് മാമ പൊണ്ണ കൊട് ആയിരുന്നു... എനിക്ക് കൂട്ട് ഇക്ക്രുവും... അന്നെങ്ങാനും വല്ല സൂപ്പര്‍ ഡാന്‍സര്‍ ഷോയും ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും അത് ഞങ്ങള്‍ക്ക് കിട്ടിയെന്നേ... താളവും ബോധവുമില്ലാത്ത ചാട്ടം... അതായിരുന്നു ഞങ്ങളുടെ ഡാന്‍സ് ... അതില്‍ ആയിരുന്നു ഞങ്ങളുടെ സന്തോഷം..

ഞങ്ങള്‍ പലപ്പോഴും പോവാറ് സെക്കന്റ്‌ ഷോ കാണാന്‍ ആണ്... അത് കൊണ്ടു തന്നെ ഒരു പടവും ഞാന്‍ മുഴുവന്‍ കണ്ടിട്ടുണ്ടാവില്ല... കേറുമ്പോഴേ ഞാന്‍ ഉറങ്ങി പോകും... പക്ഷെ അതിന്റെ അഹങ്കാരം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല... കണ്ടില്ലെങ്കിലും എന്റെ ഇഷ്ടത്തിന് ആ സിനിമേടെ കഥ ഞാന്‍ എല്ലാര്‍ക്കും പറഞ്ഞു കൊടുക്കും ... ആദ്യമായി ഞാന്‍ മുഴുവന്‍ കണ്ട പടം.. ജെള്ളികെട്ടു കാള എന്ന തമിഴ് പടം ആണ്... അന്ന് വീട്ടില്‍ വല്യമ്മയും മക്കളും എല്ലാം ഉണ്ടായിരുന്നു ഞങ്ങള്‍ എല്ലാം ഒന്നിച്ചാണ് പോയത്... ആദ്യമായി സെക്കന്റ്‌ ഷോ മുഴുവന്‍ ഞാന്‍ കണ്ടിരിക്കുന്നു... ഞാന്‍ ചില്ലറക്കാരി അല്ല... വല്യവരുടെ കൂട്ടത്തിലേക്ക് എനിക്കും പ്രൊമോഷന്‍ കിട്ടിയിരിക്കുന്നു...

മെല്ലെ മെല്ലെ അനില്‍ എന്റെ വീട്ടില്‍ കളിയ്ക്കാന്‍ വന്നു തുടങ്ങി... ഇക്ക്രുവിന്റെ അനിയത്തി ആണ് കൊച്ചുവാവ അത് കൊണ്ടു ഞങ്ങള്‍ ചോറും കൂട്ടാനും കളിക്കുമ്പോള്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെമ്പരുത്തി പൂവും, മഞ്ഞ കോളാമ്പി പൂവും എല്ലാം അവന്‍ അവള്‍ക്കു മാത്രം വലിച്ചു കൊടുക്കും... എനിക്ക് കിട്ടുന്നത് ഇലകള്‍ മാത്രം... അതെന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു...കൊച്ചുവാവേടെ കറികള് എല്ലാം കളര്ഫുള്ളും എന്റെ എല്ലാ കറികളും പച്ച നിറത്തിലും ഇരുന്നു ...അനില്‍ വന്നതോടെ എനിക്കുള്ള പൂവും പിന്നെ പപ്പടം ഇലയും എല്ലാം അവന്‍ എനിക്ക് വലിച്ചു തരാന്‍ തുടങ്ങി... ചോറും കറിയും വച്ചു കഴിഞ്ഞാല്‍ പിന്നെ കൊച്ചുങ്ങളെ ഒക്കത്തെടുത്ത്‌ പരസ്പരം വിരുന്നു പോകണം അതാണ്‌ ഏര്‍പ്പാട്... അപ്പോള്‍ കറികള്‍ എല്ലാരും പരസ്പരം വിലയിരുത്തും... നീണ്ട ആടലോടകത്തിന്റെ ഇലയില്‍ നനഞ മണ്ണും... ചെമ്പരത്തി ഉപ്പേരിയും പപ്പടവും എല്ലാം വിളമ്പി ഒരു ഊണ്... ഇടയ്ക്ക് കൈയിലെ പാവകളെ കുറിച്ച് അഭിപ്രായ പ്രകടനവും എന്റെ മോള്‍ക്ക്‌ തീരെ വയ്യ പനിയാണ്... ആശുപത്രില്‍ പോണം... നിന്റെ മോള്‍ക്ക്‌ പനി ഉണ്ടോ? അപ്പോള്‍ കൊച്ചുവവയും പറയും എന്റെ മോള്‍ക്കും പനിയാ... പിന്നെ ഒന്നിച്ചു ഇക്ക്രുന്റെ ബസില്‍ ... ഉജാല ടപ്പിയില്‍ ചെരുപ്പ് മുറിച്ചു ടയര്‍ ഉണ്ടാക്കി കോല് വച്ച വണ്ടിയില്‍ ആശുപത്രിയിലേക്ക് ഒരു പോക്ക്... അനില്‍ ആയിരിക്കും ഡൊക്ട൪ അവന്‍ ചികിത്സിച്ചാല്‍ അതോടെ കൊച്ചുങ്ങളുടെ അസുഖം മാറും...

അപ്പോഴേക്കും എന്റെയും കൊച്ചുവാവയുടെയും ഇക്ക്രുവിന്റെയും ഇടയിലേക്ക് അനിലും കൂടി ഇരുന്നു... കളി കഴിഞ്ഞാല്‍ പിന്നെ മൂന്ന് നാലു വര്‍ഷത്തെ ഞങ്ങളുടെ അനുഭവങ്ങളുടെ കഥ.. എനിക്കെന്നും പറയാന്‍ ഉള്ളത് അച്ഛന്റെ കാട്ടിലെ കഥ ആയിരുന്നു... എന്റെ വിചാരം കേരളത്തിലെ എല്ലാ കാടും എന്റെ അച്ഛന്റെ പേരില്‍ ആയിരുന്നു എന്നാണ്... ആ അഹങ്കാരത്തില്‍ ആണ് കഥയുടെ കെട്ട് എഴിക്കുക... അച്ഛന്റെ കാട്ടില്‍ ഞാന്‍ പോയപ്പോള്‍ രണ്ടു പുലി എന്റെ അടുത്തൂടെ പോയതും .. എന്നെ കണ്ടപ്പോ തിരിഞ്ഞു നോക്കിയതും ... ഞാന്‍ പേടിക്കാതെ നിന്നതും ... സിംഹം എന്നെ കടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ മരത്തില്‍ കയരിയതും ... അവസാനം സിംഹം കുറച്ചു നേരം നിന്നിട്ട് കാട്ടിലേക്ക് തിരിച്ചു പോയതും ... പിന്നെ എന്നെ കടിക്കാന്‍ വന്ന മലമ്പാമ്പിന്റെ വാലില്‍ പിടിച്ചു അച്ഛന്‍ പാറയില്‍ അടിച്ചു കൊന്നതും തുടങ്ങി ... ഞാന്‍ അവിടെ ചെന്നാല്‍ മുയലിന്റെ കൂടെയാണ് കളിക്കുക... എന്റെ കൂടെ കളിക്കാ൯ കുട്ടി ആന കാട്ടില് നിന്നു വരും അതിന്റെ കൂടെപിന്നെ ഊണും ഉറക്കവും ...അങ്ങനെ ഞാന്‍ ഒരു സംഭവമായി നിലനിന്നു അവര്‍ക്കിടയില്‍... ഇക്ക്രു ഒട്ടും മോശമല്ല ഇതിനെ വെല്ലുന്ന കഥകള്‍ അവന്റെ അടുത്തും ഉണ്ട്...



തുടരും

Tuesday, December 27, 2011

ച്ചുനുച്ചിട്ട ചോഴി

ഏട്ടനും ഞാനും
വൈക്കതഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമര ചോട്ടില്‍ നിന്നപ്പോള്‍
വള കിലുക്കം കേട്ടു;

റേഡിയോ പാട്ട് കേട്ടു കൊണ്ട് അച്ഛന്റെ ഷേവിംഗ് തുടര്‍ന്നു (ഞാന്‍ പപ്പാ, അപ്പ, പപ്പൂസ്, അപ്പുസ് ) എന്നൊക്കെ വിളിക്കും

കട്ടിലില്‍ കിടന്നു ഞാന്‍ അലറി വിളിച്ചു...ഒട്ടും വാശി ഇല്ലാത്ത കുട്ടി ആയിരുന്നത് കൊണ്ട്... രാവിലെ ഞാന്‍ കട്ടിലില്‍ നിന്ന് എനീക്കാറില്ല... ആരേലും വന്നു പൊക്കിക്കൊണ്ട് പോണം... എന്റെ ഈ അലര്‍ച്ച ആയിരുന്നു അപ്പുറത്തെ റൂമുകാരുടെ അലാറം... അതിനവര്‍ എന്നോട് നന്ദി പറയേണ്ടതാണ്.. എന്നും രാവിലെ ഞാന്‍ അവരെ കൃത്യ സമയത്ത് വിളിചെഴുനേല്‍പ്പിച്ചിരുന്നു... ഏട്ടനെ സ്കൂളില്‍ വിടാനുള്ള തിരക്കില്‍ അമ്മ അച്ഛനെ വാതോരാതെ ശകാരിച്ചു ... നിങ്ങളാ പൂത്താങ്കിരി യെ കൊണ്ട് മുഖം കഴുകിപ്പിക്ക്... ( പൂത്താങ്കിരി എന്ന് വിളിച്ചത് ഈ എന്നെ ) ഞാന്‍ സഹിക്കുമോ... കട്ടയ്ക്കടുത്തില്ല... കീറല്‍ തുടര്‍ന്നു... അങ്ങനെ മുണ്ടൂര്‍ ഗ്രാമം ഉണര്‍ന്നു... എല്ലാരും അവരവരുടെ ജോലികളില്‍ ഏര്‍പെട്ടു

ഞാന്‍ ജനിച്ചതിനു ശേഷം ഞങ്ങള്‍ അച്ഛനോടൊപ്പം പാലക്കാടെക്ക് വന്നു... അവിടെയാണ് പപ്പ ജോലി ചെയ്തിരുന്നത് ... മുണ്ടൂര്‍ ഫോറെസ്റ്റ് ക്വോര്ട്ടേഴ്സില് താമസിച്ചു ... ലോഹിത ദാസ്‌ സിനിമകളിലെ പോലെ ഒരു തനി നാടന്‍ ഗ്രാമം... ഭൂരിപക്ഷം ജനങ്ങളും കൃഷിയും അനുബന്ധ ജോലികളുമായി കഴിച്ചു കൂടുന്നവര്‍ ... വീട്ടില്‍ അമ്മയെ സഹായിക്കാന്‍ അടുത്ത വീടിലെ സുലോചന ചേച്ചി വന്നിരുന്നു ... ഞാന്‍ അവരെയും അമ്മെ എന്നാണ് വിളിച്ചിരുന്നത്‌... അവരുടെ മക്കളായ സതീശേട്ടനും സരിജ ചേച്ചിയും ... അവരുടെ അച്ഛന്‍ ആയിരുന്നു എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ (അദ്ദേഹത്തെയാണ് ഞാന്‍ അച്ഛന്‍ എന്ന് വിളിച്ചിരുന്നത്‌ )... എല്ലാ ചായ കടകളിലും എന്നെ അച്ഛന്‍ കൊണ്ടുപോകുമായിരുന്നു.. കള്ളുഷാപ്പുകളില്‍ വരെ കൊണ്ട് പോയിട്ടുണ്ടെന്നാണ് എന്റെ അറിവ്... പിന്നീട് ആ അച്ഛന്‍ ആ അമ്മയേം മക്കളേം വിട്ടു വേറെ ഏതോ സ്ത്രീയുമായി ഒളിച്ചോടി... ഇന്നും എവിടെയാണെന്ന് ഒരു അറിവുമില്ല... ഇന്നായിരുന്നേല്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു (അത് പേടിച്ചിട്ടാണോ അന്നേ നാട് വിട്ടത് എന്ന് അറിയില്ല )
പിന്നീടു സുലു അമ്മയും മക്കളും ഒറ്റയ്ക്കായിരുന്നു... ഞങ്ങടെ വീടിലെ ജോലി കൊണ്ട് മാത്രം ജീവിച്ചു പോകില്ലാന്നുകണ്ടു തുടങ്ങിയപ്പോള്‍.. അവര്‍ വേറെ ജോലിക്ക് പോയി തുടങ്ങി...ഇന്നാലും ഇടയ്ക്ക് വന്നു സഹായിക്കും... ഞാന്വളരെ നല്ല സ്വഭാവം ആയിരുന്നത് കൊണ്ട്... എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യാന്പറ്റില്ലായിരുന്നുത്രേ...

മെല്ലെ മെല്ലെ ഞാന്അമ്മേടെ ഒക്കത്ത് നിന്ന് താഴെ ഇറങ്ങി തുടങ്ങി... അന്നൊക്കെ എന്നെ ഏറ്റവും വേദനിപ്പിചിരുന്നത്... എന്റെ അമ്മയും പപ്പയും വേറെ ഏതേലും കുട്ടികളെ എടുക്കുമ്പോള്ആയിരുന്നു... പപ്പേടെ കൂട്ടുകാരന്റെ മകള്രേഖ വരുമ്പോള്അമ്മ അവളെ എടുത്തു കൊഞ്ചിക്കും... കുഞ്ഞു ഹൃദയം പിടയും... അതാരും കാണാറില്ല... അവരെന്നെ ഒളി കണ്ണിട്ടു നോക്കും... കുഞ്ഞു ചുണ്ടുകള്പിളരും... കന്നുനീരുകള്ധാരയായി ഒഴുകും..

അന്ന് മുതല്ഞാന്രേഖയെ ശത്രുവായി പ്രഖ്യാപിച്ചു... അടുത്ത ശത്രു എന്റെ ഏട്ടന്ആയിരുന്നു... ഏട്ടനെ ഞാന്അമ്മേടെ മടിയില്നിന്ന് വലിച്ചു താഴെ ഇട്ടു (ഇന്നതില്ഞാന്ഖേദം പ്രകടിപ്പിക്കുന്നു ) ചെറിയ നഖം കൊണ്ട് ഞാന്അവനെ നുള്ളി നോവിച്ചു... തരം കിട്ടുമ്പോള്ആരും കാണാതെ അവനും എന്നെ നുള്ളി ഇരുന്നു...

എന്നക്ഷരം എനിക്ക് സംസാരിക്കാന്കിട്ടില്ലായിരുന്നു... എന്നായിരുന്നു പറയുക... സമയത്താണ് കുണുക്കിട്ട കോഴി ഫിലിം റിലീസ്ആയതു... അമ്മേടെ ആഗ്രഹത്തിന് വഴങ്ങി... അച്ഛന്ഞങ്ങളേം കൊണ്ട് പോയി,,, ആകെ ആദ്യത്തെ കുറച്ചു ഭാഗം കണ്ടു കാണും ഞാന്‍ ... പിന്നീട് ഞാന് ച്ചുനുച്ചിട്ട ചോഴിയുടെ ബ്രാന്ഡ് മ്പാസടര് ആയി മാറി ... എവിടെ പോയാലും എല്ലാരും എന്നോട് ചോദിക്കും നിങ്ങള്ഏതു പടമാ കാണാന്പോയെ... ഞാന്അഹങ്കാരത്തോടെ പറയും... ച്ചുനുച്ചിട്ട ചോഴി !!





Wednesday, December 14, 2011

ആമുഖം


ഒരിക്കല്‍ കൂടി എനിക്ക് ജനിക്കണം... ഞാന്‍ ജീവിച്ച വഴിയിലൂടെ നടക്കണം... ഞാന്‍ കണ്ടിരുന്ന സ്വപ്‌നങ്ങള്‍ വീണ്ടും കാണണം... ഞാന്‍ തിരിച്ചു പോവുകയാണ്.. എന്റെ അമ്മയുടെ ഗര്‍ഭത്തിലേക്കു...


(അമ്മേടെ വയറ്റില്‍ ഞാനാ )
എന്റെ അച്ഛന്‍ എന്നെ കാത്തിരിക്കുന്നു... എന്റെ ചേട്ടന്‍ കൊച്ചനുജത്തിക്ക് വേണ്ടി കളിപ്പാട്ടം ഒരുക്കുന്നു... ഇപ്പോള്‍ അമ്മേടെ അടുത്തല്ല ഏട്ടനെ കിടത്താറു ..... അച്ഛന്‍ അങ്ങ് വാളയാര്‍ ആണ് ... ഇന്നലെ അച്ഛന്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു ... നമ്മുടെ പൊന്നുമോള്‍ക്ക് സുഖമല്ലേ എന്ന് അച്ഛന്‍ പ്രത്യേകം അന്വേഷിച്ചു ... വയറ്റിലുള്ളത് ഞാന്‍ തന്നെയാണെന്ന് അച്ഛന് ഉറപ്പാണ്‌... അച്ഛന്‍ അടുത്താഴ്ച വരുമത്രേ... അമ്മെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആക്കും... ഞാന്‍ വരാന്‍ പോവാ...