Sunday, April 22, 2012

അങ്ങനെ ഞാനും കുറ്റവാളിയായി


മഴ മാറി... പുതിയ ബുക്കുകളുടെ മണവും   മാറി... സ്കൂളില്‍ പോകാനുള്ള മടിയും മാറി കൊണ്ടിരുന്നു... എങ്കിലും ഞായാറാഴ്ച എത്തുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്‍ ആണ്... ഈ രാത്രി പുലരല്ലേ എന്ന് ആശിച്ചു കിടക്കും...തിരക്കുകള്‍ കൂടി കൂടി വന്നു... ആകെ വൈകുന്നേരം കുറച്ചു നേരമാണ് കളിയ്ക്കാന്‍ കിട്ടുന്നത്... അതും പുറത്ത് പോകാന്‍ പപ്പ സമ്മതിക്കില്ല... ഇക്ക്രുനു പപ്പയെ പേടി ആയതു കൊണ്ട് അവനും കൊച്ചുവാവയും ശനിയും ഞായറും  മാത്രമേ കളിയ്ക്കാന്‍ വരൂ ... പിന്നെ അനില്‍ മാത്രം ഇടയ്ക്കിടയ്ക്ക് പപ്പ കാണാതെ വരും... ഞങ്ങള്‍ ഗോട്ടി കളിക്കും... കഥകള്‍ പറയും... ഞാന്‍ അവനു ബാക്കി വന്ന നെയിം സ്ലിപ്പുകള്‍ കൊടുക്കും... പിന്നീടെന്റെ കാത്തിരിപ്പ്‌ സ്കൂള്‍ ഒന്ന് അടച്ചു കിട്ടാന്‍ ആയിരുന്നു...

ആരും ഇല്ലാത്ത ദിവസങ്ങളില്‍ മുറ്റത്തെ ചെടികള്‍ ആയിരുന്നു കൂട്ട്... ഞാന്‍ എല്ലാം സംസാരിച്ചത് അവരോടു മാത്രമായിരുന്നു... ഇന്നും അവയ്ക്ക് മാത്രമേ എന്റെ മനസ്സിലെ കാര്യങ്ങള്‍ എല്ലാം അറിയൂ... ബാത്രൂമിലെ ടാപ്പ്‌ ആയിരുന്നു എന്റെ ഏറ്റവും  അടുത്ത  സുഹൃത്ത്... അതിനകത്ത് കയറിയാല്‍ ഇറങ്ങി വരന്‍ ഞാന്‍ ഒരു നേരം എടുക്കും... അതിനോട് ഓരോ വിശേഷങ്ങളും പറഞ്ഞു വെള്ളം ഒറ്റിച്ചു കളിച്ചു കൊണ്ടേ ഇരിക്കും... ഇതിനിടയ്ക്ക് അമ്മേടെ അടി  ഏതു  വഴി വരും എന്ന് ഒരു കണ്ണും വയ്ക്കണം (ബൂലോക സദാചാരികള്‍ ഈ  പ്രാവശ്യത്തെക്ക് വിട്ടേക്ക്... എനിക്ക് ടൊയിലെറ്റോമനിയ ആണ് ) 

അമ്മ പഠിപ്പിക്കാന്‍ ഇരിക്കുമ്പോള്‍ ഏട്ടന്റെ പുസ്തകങ്ങളും എന്റെ പുസ്തകങ്ങളും ഞാന്‍ മാറി മാറി നോക്കും... ഏട്ടന്റെ  ബുക്കുകളില്‍ വല്ല്യ വല്ല്യ വാക്കുകളും എന്റെ ബുക്കില്‍ തറയും പറയും... ഞാന്‍ സമ്മതിക്കൂല... ഇത് പക്ഷപാതം ആണ് ... ഞങ്ങള്‍ രണ്ടു പേരും പഠിക്കുന്നത് ഒരേ സ്കൂളില്‍ ... പോകുന്നത് ഒരേ വാനില്‍ ... പക്ഷെ പഠിക്കാന്‍ മാത്രം വ്യത്യസ്ത പുസ്തകങ്ങള്‍ .. ഇത് ശെരിയല്ല... അന്ന് വിദ്യാര്‍ഥി രാഷ്ട്രീയം എല്‍.കെ.ജി യില്‍ ഉണ്ടായിരുന്നെങ്കില്‍ കൊടി പിടിക്കാന്‍ മുന്നില്‍ ഞാന്‍ ഉണ്ടായിരുന്നേനെ... ഈ നെറികേടുകള്‍ പുറത്ത് കൊണ്ട് വരണം... എന്റെ കുഞ്ഞു മനസ് തിളച്ചു... തിളച്ചിട്ടു കാര്യമില്ല... ആരും എന്റെ വാക്ക് വില വയ്ക്കില്ല... ചുമരും, ചെടികളും, ടാപ്പും ഒഴിച്ച്... 

വല്ല്യ വാക്കുകള്‍ എഴുതലായി പിന്നെ എന്റെ ഹോബി... പഠനം പുസ്തകങ്ങള്‍പ്പുറം ആവണം എന്നല്ലേ  വല്ല്യ വല്ല്യ ആളുകള്‍ പറഞ്ഞിരിക്കുന്നത് (പേരൊന്നും എനിക്ക് അറിയില്ല ) ചുമരില്‍ മുഴുവന്‍ പുതിയ പുതിയ വാക്കുകളും വല്ല്യ വല്ല്യ വാക്ക്യങ്ങളും കൊണ്ട് നിറഞ്ഞു.. (അതെന്താന്നൊന്നും ചോദിക്കരുത്) എനിക്ക് പോലും അറിയില്ല... ഇന്ന് പഴയ ഡിക്ഷ്ണറി എടുത്തു നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ഇരിക്കുന്നത് കണ്ടു..

hmmrsstvop=.kikohvm
==.opലകസമകമരവാലകിവി

കവി അതായത് ഞാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് തന്നെ മനസിലായില്ല... എന്തൊക്കെയോ നീളത്തില്‍ എഴുതണം അതിനു വേണ്ടി എഴുതി കൂട്ടിയതാ ( അന്നേ എന്റെ ഉള്ളില്‍ ഒരു എഴുത്തുകാരി ഒളിഞ്ഞിരിക്കുന്നത് കണ്ടില്ലേ നിങ്ങള്‍ ) ചുമരിലെ പെയിന്റൊക്കെ മാന്തി എടുത്താല്‍ ഇത് പോലുള്ള ഒരു പാട് ലിപികള്‍ കാണാം...എനിക്കുള്ള പേടി എങ്ങാനും ഇനി അടുത്ത നൂറ്റാണ്ടില്‍ നമ്മളൊന്നും ജീവിക്കാന്‍ ഇട ഇല്ലാത്ത കാലത്ത്... ഇതെങ്ങാനും മാന്തി എടുത്തു പുരാവസ്തു  ഗവേഷകര്‍  പറയും ഇതാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളുടെ ലിപി.. വായിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല... ചരിത്ര പരമായ രേഖകളാണ് ഇതില്‍ നിറച്ചു എന്നൊക്കെ...വേണമെങ്കില്‍ ഒരു പേരും ഇടും... ഇങ്ങനെ ഒക്കെ ആവും ശിലായുഗ ലിപികള്‍ ഒക്കെ കണ്ടെടുത്തത് ... ചരിത്രം ഉണ്ടാവുന്നത് ഇങ്ങനെയൊക്കെ അല്ലെ (ഓടിച്ചിട്ട് തല്ലണ്ട... ഞാന്‍ നിന്ന് തരാം )

ഒരേ ദിവസങ്ങള്‍ ... സ്കൂളിലെ തറയും, പറയും, പനയും എനിക്ക് ബോര്‍ അടിച്ചു... കെ.പി.ആര്‍.പി ചെറിയ സ്കൂള്‍ ആണ്... താഴെ രണ്ടു ക്ലാസുകള്‍ എല്‍.കെ.ജിയും, യു.കെ.ജിയും... കുറച്ചു സ്റ്റെപ്പ് കയറി ചെന്നാല്‍ ഒരു  വല്ല്യ  ഹാള്‍ ... ആ ഹാള്‍ കുറെ ക്ലാസ്സുകളായി തിരിച്ചിരിക്കുന്നു...  ഞാന്‍ എല്‍ .കെ.ജിയിലും ഏട്ടന്‍ രണ്ടാം ക്ലാസിലും ... കെ.ജി ക്ലാസ്സുകാര്‍ക്കും ബാക്കി ക്ലാസ്സുകാര്‍ക്കും വെവ്വേറെ സമയങ്ങളില്‍ ആയിരുന്നു ഉച്ചയ്ക്കുള്ള ഇന്റെര്‍വല്‍ ... ഇടയ്ക്ക് ഒരി പനി വന്നതോടെ... കുറച്ചു വാശിയും മടിയും ഒക്കെ കൂടി എനിക്ക് ... ഉച്ചയ്ക്ക് ക്ലാസ്സില്‍ ഇരുന്നു കഴിക്കാന്‍ മടി... എല്ലാത്തിനും ഏട്ടന്‍ വേണം..  അത് കൊണ്ട്  ഉച്ചയ്ക്ക് ബെല്‍ അടിക്കുന്നതും ഭക്ഷണം കഴിക്കാതെ ക്ലാസിനു മുന്നില്‍ ചേട്ടന് വേണ്ടി ഞാന്‍ കാത്തു നില്‍ക്കും...ചേട്ടന്‍ വന്നിട്ട്  ചേട്ടന്റെ   കൂടെ  ചേട്ടന്റെ   ക്ലാസ്സില്‍ പോയിരുന്നു ഞാനും ഭക്ഷണം കഴിക്കും...

അങ്ങനെ ഒരു ദിവസത്തിലാണ്  എന്റെ ജീവിതത്തിലെ   ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യം സംഭവിച്ചത് .. ഒരു ദിവസം... ഉച്ചയ്ക്ക് ബെല്‍ അടിച്ചപ്പോള്‍ പതിവ് പോലെ ഞാന്‍ ഏട്ടനെ കാത്തു പുറത്ത് നിന്നു...ഏട്ടന്‍ വന്നപ്പോള്‍ പാത്രമെടുത്ത്‌ ഏട്ടന്റെ   ക്ലാസ്സിലേക്ക് പോയി... തിരിച്ചു ഞാന്‍ ക്ലാസ്സില്‍ വന്നപ്പോള്‍ കാണുന്നത് ക്ലാസ്സില്‍ ആകെ പാടെ ബഹളം...ഒരു കുട്ടി ഇരുന്നു കരയുന്നു ചുറ്റും മറ്റു കുട്ടികളും ടീച്ചര്‍മാരും... ആ കുട്ടിയുടെ ചോറ് പാത്രം കാണാനില്ല അതിനുള്ള തിരച്ചില്‍ ആണ് അവിടെ നടക്കുന്നത്... ഞാന്‍ മെല്ലെ എന്റെ  സീറ്റില്‍ ചെന്നിരുന്നു... തിരച്ചില്‍  സംഘം ന്റെ   അടുത്തേക്ക് വന്നു... എന്റെ   ബാഗ് തുറന്നു നോക്കി... പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്... ആ ചോറ് പാത്രം എന്റെ   ബാഗില്‍ .... അതെങ്ങനെ വന്നു ഞാനറിയാതെ ??? 
ടീച്ചര്‍ പത്രമെടുത്ത്‌ ആ കുട്ടിക്ക് കൊടുത്തു.... അവള്‍ കരച്ചില്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങി... എല്ലാവരും രൂക്ഷമായി എന്നെ നോക്കുന്നു... ടീച്ചര്‍മാര്‍ പരസ്പരം എന്തൊക്കെയോ പറയുന്നു... വിങ്ങി പൊട്ടി നിന്ന ഞാന്‍ കരഞ്ഞു പോയി... ആരോ എന്റെ   ബാഗില്‍ കൊണ്ടിട്ടതാവാം പക്ഷെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കുറ്റവാളിയായി... എനിക്ക് നേരെ സ്പോഞ്ച് നീട്ടിയ സുഹൃത്ത് വരെ എന്നെ രൂക്ഷമായി നോക്കി... എനിക്കത് താങ്ങാവുന്നതിലും അധികം ആയിരുന്നു... ഞാന്‍ വിങ്ങി പൊട്ടി കണ്ണുനീര്‍  ഒഴുക്കി  കൊണ്ടേ ഇരുന്നു... അവന്‍ അരികത്തു വന്നു... അവന്റെ ഷ൪ട്ടില്‍ പിന്‍ ചെയ്ത കര്‍ചീഫ്‌ കാണിച്ചു... "കരയണ്ട ട്ടോ.." എന്ന് പറഞ്ഞു... ഈ ഒരു കാരണം കൊണ്ടാവാം ഞാന്‍ അവനെ ആരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടത്... അന്ന് സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചു ഞാന്‍ ഇനി ഈ സ്കൂളില്‍ തിരിച്ചു വരില്ല ... എന്നെ കള്ളിയായി കാണുന്ന ഈ കുട്ടികളുടെ മുന്നില്‍ ഇനി ഞാന്‍ വരില്ല... ന്നാലും ആരായിരിക്കും ആ ചോറ് പത്രം എന്റെ ബാഗില്‍ ഇട്ടതു എന്ന  ചോദ്യം എന്നെ അലട്ടി  കൊണ്ടേ ഇരുന്നു ..


വാല്‍കഷ്ണം :ഞാന്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല.. ബെല്‍ അടിച്ചപ്പോഴേ ഞാന്‍ ക്ലാസ്സീന്നു പുറത്തു പോയി... അപ്പോള്‍ ഞാന്‍ എങ്ങനെ എടുക്കാനാ  ആ കുട്ടീടെ ചോറ് പാത്രം...?? പക്ഷെ ആ സമയത്ത് എന്റെ   കുഞ്ഞു മനസ്സിന് അതൊന്നും പറയാന്‍ തോന്നീല കരയാന്‍ അല്ലാതെ... അന്നനുഭവിച്ച അപമാന ഭാരം...ഇന്നും ആ സംഭവം ഒരു ഞെട്ടലോടെയാണ്  ഞാന്‍ ഓര്‍ക്കുക... ആരായിരിക്കും ആ പത്രമെടുത്ത്‌ എന്റെ   ബാഗില്‍ ഇട്ടിട്ടുണ്ടാവുക??  ഇന്നും എന്തിനൊക്കെയോ ഉള്ള ഉത്തരം കണ്ടുപിടിച്ചിട്ടും... കണ്ടു പിടിക്കാന്‍ കഴിയാത്ത ഉത്തരം ഈ ചോദ്യത്തിന് മാത്രമാണ്... ആരായിരിക്കും എന്റെ   ബാഗില്‍ ആ പാത്രം കൊണ്ട് ഇട്ടിട്ടുണ്ടാവുക???


Saturday, April 7, 2012

തിരിച്ചടികളും എന്റെ പ്രണയവും


ദിവസങ്ങള്‍ പോയി... എന്റെ ബാലവാടി പോക്ക് നിര്‍ത്തി.. കാരണം ഒന്നുമല്ല അവര്‍ക്ക് എന്നെ നോക്കാനുള്ള കരുത്തു ഇല്ലത്രെ!!
ഇനിയുള്ള ദിവസങ്ങള്‍ ജീവിതത്തിലെ പച്ചയായ സത്യം അറിയാനുള്ളതാണ്... മൂന്നാം വയസ്സില്‍ എന്ത് സത്യം അറിയാന്‍ എന്നല്ലേ പക്ഷെ ഞാന്‍ അറിഞ്ഞു ...
ജീവിതത്തില്‍ ഞാന്‍ തിരിച്ചടികള്‍ നേരിട്ട് കൊണ്ടിരിക്കുന്നു...എന്റെ മുലകുടി അമ്മ നിര്‍ത്തിച്ചു.. വേപ്പില അവിടെ തേച്ചപ്പോള്‍ അത് കഴുകി കളയാന്‍ ഞാന്‍ അമ്മയോട് കെഞ്ചി പറഞ്ഞു അമ്മ കേട്ടില്ല... 
ചൈ ചോണ്ട് വാ..
ചൈ ചോണ്ട് വാ..
എന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു..
അമ്മ അനങ്ങിയില്ല.. 
എന്റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും അവ വേര്‍പ്പെടുത്തിയതാണ് എന്റെ ജീവിതത്തിലെ ആദ്യ തിരിച്ചടി...ഇത്രയും വിഷമം വേറൊന്നും കിട്ടാതിരുന്നപ്പോഴും എനിക്ക് തോന്നിയിട്ടില്ല... ഇന്നും... വിശന്നു ഞാന്‍ കരഞ്ഞപ്പോള്‍ എന്നെ ശ്രദ്ധിക്കാതെ അമ്മ തിരിഞ്ഞു കിടന്നു... എന്റെ കണ്ണീര്‍ കൊണ്ട് തലയിണ നനഞ്ഞു... ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ ഞാന്‍ അറിഞ്ഞു തുടങ്ങി.. സ്വന്തം അമ്മ അന്നം മുട്ടിച്ചിരിക്കുന്നു... ഇതിലും വലുത് ഇനി  വരാന്‍ ഉണ്ടോ ... അമ്മയോട് ആദ്യമായി ദേഷ്യം തോന്നിയ നിമിഷങ്ങള്‍ 

എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍   തീരുമാനമായി ... 
ഞാന്‍ സ്കൂളില്‍  പോകാറായിരിക്കുന്നു .. ഏട്ടനെ പോലെ ഞാനും വല്ല്യ കുട്ടി ആയിരിക്കുന്നു.. 
സന്തോഷം കൊണ്ട് ഞാന്‍ തുള്ളി ചാടി..
ആകെ ഉള്ള വിഷമം  ഇക്ക്രുവും കൊച്ചുവാവയും  വേറെ സ്കൂളില്‍ ആണ്.. വീടിനടുത്തുള്ള... മലയാളം മീഡിയം സര്‍ക്കാര്‍ സ്കൂള്‍ ...പക്ഷെ എന്നെ ചേര്‍ക്കുന്നത് ഏട്ടന്‍ പഠിക്കുന്ന സ്കൂളില്‍ ആണ്... ഇംഗ്ലീഷ്  മീഡിയം  കെ.പി. ആര്‍ . പി സ്കൂള്‍ 
പുതിയ ബാഗും, യുനിഫോര്മും , കുടയും ,  ഒക്കെ ചൂടിയുള്ള  പോക്ക് ഓര്‍ത്തു ഞാന്‍ കോള്‍മയിര്‍ കൊണ്ടു...പുതിയ മണമുള്ള ബുക്കുകളും അത് പൊതിയാന്‍ ഉള്ള പേപ്പറും,നെയിം സ്ലിപ്പുകളും വീട്ടില്‍ ചിന്നി ചിതറി കിടന്നു.. സ്കൂളില്‍ പോകാനുള്ള ദിവസം അടുത്ത് വരുന്തോറും സന്തോഷമാണോ സങ്കടമാണോ ഉള്ളില്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി ഞാന്‍ 

ആ  ദിവസം എത്തി.. നല്ല മഴയുള്ള ഒരു ദിവസം.. പുതിയ കുട ചൂടിയ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതായി...എന്നെ അമ്മയും അച്ഛനും ചേര്‍ന്ന് സ്കൂളില്‍ കൊണ്ടാക്കി..എല്‍ .കെ.ജി ക്ലാസ്സില്‍ കൊണ്ടിരുത്തി...അവിടെ തന്നെ രണ്ടാം ക്ലാസ്സില്‍ ആണ് ചേട്ടന്‍ പഠിക്കുന്നത്..എന്നെ കൊണ്ടാക്കി അവര്‍ തിരിഞ്ഞു നടന്നപ്പോള്‍ ഹൃദയം പിളരുന്ന വേദനയില്‍ ഞാന്‍ അലറി കരഞ്ഞു...പുറത്തെ മഴയത്തു എന്റെ ഏങ്ങലടികള്‍ അവര്‍ കേട്ടില്ലെന്നു തോന്നുന്നു... അതോ കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചുവോ..??അവര്‍ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി..എന്റെ ജീവിതത്തിലെ രണ്ടാമത്തെ  തിരിച്ചടി

ചുറ്റും അപരിച്ചിതര്‍ ... ദേവയാനി ടീച്ചര്‍  എന്നെ പിടിച്ചു  കൊണ്ടു ഫസ്റ്റ് ബെഞ്ചില്‍ ഇരുത്തി..  ഞാന്‍ ചുറ്റും നോക്കി ..എങ്ങും കരഞ്ഞു കലങ്ങിയ  കണ്ണുകള്‍ .. ചുറ്റുപാടും നിന്നും ഏങ്ങലടികള്‍ കേള്‍ക്കാം...ചിലര്‍ ഓടി പോകാന്‍ ശ്രമിക്കുന്നു...അവരെ പിടിച്ചിരുത്താന്‍ പണി പെടുന്ന  ടീച്ചര്‍മാര്‍... ഓരോ മുക്കലും മൂളലും കൂട്ട  കരച്ചിലുകള്‍ക്ക് വഴി ഒരുക്കുന്നു..ഓരോ കണ്ണ് നിറയുമ്പോഴും പരസ്പരം നോക്കി ഞങ്ങള്‍ സമാധാനിപ്പിച്ചു... പിന്നീട് ഒറ്റപ്പെട്ട ഏങ്ങലടികള്‍ മാത്രമായി... നമ്മുടെ വിധിയാണ് ഇത്... അനുഭവിച്ചേ പറ്റു... ഞങ്ങള്‍ പരസ്പരം തണലായി 


പക്ഷെ അവന്‍ ഞങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നു... പൂച്ച കണ്ണുകളും തുടുത്ത കവിളുകളും ഉള്ള ആ സുന്ദരകുട്ടന്‍ എന്റെ അരികത്തായി വന്നിരുന്നു... ഇത്രയും വെളുത്ത  ഒരു കുട്ടിയെ ഞാന്‍ കണ്ടിരുന്നില്ല വിമല ആന്റിയുടെ  വീട്ടിലുള്ള പോമെറേനിയന്‍ പട്ടിയെ   (ഊട്ടി പട്ടി എന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്‌ ) പോലെ സുന്ദരന്‍ (അവന്റെ പേര് ജിതിന്‍ ആണെന്നൊരു നേരിയ ഓര്മ )അവന്‍ എന്റടുത്ത് ചിരിച്ചു (അവിടെ ഒരു പ്രണയം മൊട്ടിട്ടു എന്ന്  തന്നെ  പറയാം ) അവന്റെ പുതിയ  സ്ലേറ്റു  പെന്‍സില്‍ എനിക്ക് കാണിച്ചു തന്നു..എന്റെ സാധാരണ പെന്‍സില്‍ ആയിരുന്നു പക്ഷെ അവന്റെ പെന്‍സില്‍ വെളുത്ത നിറത്തില്‍  ഉരുണ്ട്  ചുറ്റും നിറങ്ങള്‍ ഉള്ള പെന്‍സില്‍ ... അത് വച്ച് എഴുതിയാല്‍  സ്ലേറ്റിലും  നിറം വരും..  ഞാന്‍ എന്റെ മണികള്‍  ഉള്ള സ്ലേറ്റു അവന്റെ മുന്നില്‍ നിരത്തി വച്ചു... അത് അവനു ഇല്ല അവന്‍ ആ മുത്തുകള്‍ എണ്ണി തുടങ്ങി... 
ഒന്നേ..
നാലേ..
മൂന്നേ..
അഞ്ചെ .. 
ഞങ്ങള്‍ നല്ല കൂട്ടായി .. ഉച്ചയ്ക്ക്  ഏട്ടന്‍ എന്നെ കാണാന്‍ വന്നു .. ഏട്ടന്റെ കൂടെ പോകണമെന്ന് വാശി പിടിച്ചെങ്കിലും എന്റെ പോമെറേനിയന്‍ പട്ടി കുട്ടിയെ പോലുള്ള കൂട്ടുകാരനെ ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളിലെ കാമുകി ഏട്ടനെ തള്ളി പറഞ്ഞു..  

ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു .. തിരിച്ചു വന്നു അമ്മയുടെ മടിയില്‍ കിടന്നപ്പോള്‍ ... ഇനി  സ്കൂളില്‍ പോക്ക് ഉണ്ടാവില്ല  എന്ന് തന്നെ ഉറപ്പിച്ചു .. പക്ഷെ എന്റെ ഉള്ളിലെ കാമുകിക്ക് തന്റെ കാമുകനെ വിട്ടു പിരിയാന്‍ മനസില്ലാത്തത് കൊണ്ടു അവനെ ഓര്‍ത്ത്... അവനെ  ഓര്‍ത്ത് മാത്രം... വീണ്ടും ബുക്കുകള്‍ ബാഗിലേക് അടുക്കി വച്ചു 

രാവിലെ റേഡിയോയിലെ ചലച്ചിത്രഗാനങ്ങള്‍ കേട്ട് കൊണ്ടാണ് ദിവസങ്ങളുടെ തുടക്കം... വാര്‍ത്ത ആവുമ്പോഴേക്കും കുളിച്ചിരിക്കണം... ഞാനും ഏട്ടനും ഒന്നിച്ചാണ് കുളി... സ്കൂളില്‍ പോകാറാവുമ്പോഴേക്കും ഹൃദയമിടിപ്പുകള്‍ കൂടും..   എന്റെ ഏറ്റവും  വല്ല്യ പേടി എന്റെ അമ്മയെ ആരെങ്കിലും തട്ടി കൊണ്ടു പോകുമോ എന്നതായിരുന്നു... അത് കൊണ്ടു മാത്രമാണ് ഞാന്‍ സ്കൂളില്‍ പോകാന്‍ മടി കാണിച്ചിരുന്നത് .. അത് പറഞ്ഞാല്‍ വീട്ടുകാര്‍ക്ക് അറിയില്ലലോ...  അമ്മയെ തട്ടി കൊണ്ട് പോയിട്ട് അമ്മേടെ രൂപത്തില്‍ ഉള്ള വേറെ ആരെയെങ്കിലും ആയിരിക്കുമോ ഞാന്‍ തിരിച്ചു വരുമ്പോഴേക്കും വീട്ടില്‍ എത്തിക്കുക എന്നതായിരുന്നു എന്റെ സംശയം...  അമ്മയെ തിരിച്ചറിയാനായി അമ്മ അറിയാതെ ദേഹത്ത് പേന കൊണ്ടു മറുക് ഉണ്ടാക്കുമായിരുന്നു ഞാന്‍ .. തിരിച്ചു വന്ന ശേഷം ഞാന്‍ ചെക്ക്‌ ചെയ്യും...ആ മറുകെങ്ങാനും കണ്ടില്ലെങ്കില്‍ പിന്നെ മൊത്തത്തില്‍ ഒരു ചെക്കിംഗ് ആണ് അമ്മയുടെ മൂക്കിനു വല്ല വളവും ഉണ്ടോ .. ചുണ്ടിനു എന്തെങ്കിലും നേരിയ മാറ്റം ഉണ്ടോ... അമ്മ അത് തന്നെയാണെന്ന് സ്ഥിതികരിച്ചെങ്കിലേ എനിക്ക് സമാധാനം കിട്ടൂ... ഒരു നാലാം ക്ലാസ്സ്‌ വരെ ഈ ചെക്കിംഗ് തുടര്‍ന്ന് പോന്നു...(എന്തിനാണ് ഞാന്‍ അങ്ങനെ സംശയിച്ചിരുന്നതെന്ന്  എനിക്കിന്നും അറിയില്ല ) വീട്ടുകാരുടെ ഒക്കെ സംരക്ഷണത്തിന് വേണ്ടിയാണ് ഞാന്‍ സ്കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞത്.. പക്ഷെ അത് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ലല്ലോ... അവര്‍ എന്നെ വീണ്ടും വീണ്ടും സ്കൂളില്‍ പറഞ്ഞയച്ചു  

സ്കൂള്‍ ബസിലേക്ക് എന്നെ വലിച്ചിടുകയായിരുന്നു ... രാധ മിസ്സ്‌ എന്നെ വലിച്ചു കേറ്റിയതും ഡോര്‍ അടയ്ക്കും... ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കും... ഇല്ല.. ആരും എന്നെ തിരിച്ചു വിളിക്കുന്നില്ല... ഞാന്‍ ആ സത്യം മനസിലാക്കി... ആര്‍ക്കും എന്നോട് ദയവില്ല... അമ്മയ്ക്കും അച്ഛനും ആര്‍ക്കും എന്നോട് ഇഷ്ടമില്ല...എന്റെ കൂട്ടുകാരന്‍ മാത്രമായിരുന്നു എനിക്കാശ്വാസം...അവനെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാന്‍ ആയി പിന്നീടു എന്റെ  പ്രയത്നങ്ങള്‍...വേറെ കുട്ടികള്‍ അവനെ തട്ടി എടുക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... കിണറ്റിന്‍ കരയില്‍ നിന്നും സ്ലേറ്റു മായിക്കുന്ന ചെടി ഞാന്‍ അവനു വേണ്ടി വലിച്ചു കൊണ്ടു കൊടുത്തു ...അവനു മാത്രമായിരുന്നു ക്ലാസ്സില്‍ രണ്ടു നിലയുള്ള  ബോക്സ്‌ ഉണ്ടായിരുന്നത്...എല്ലാവരുടെയും കണ്ണുകള്‍ അവന്റെ ബോക്സില്‍ ... ആ ബോക്സ്‌ കൈ കാര്യം ചെയ്യാന്‍ വേണ്ടി അവനോടു കൂട്ട്  കൂടാന്‍ പലരും തരം പാര്‍ത്തു ഇരിക്കുകയായിരുന്നു...ആ ബോക്സിനെ സംരക്ഷിക്കുക എന്നത് എന്റെ കൂടെ ദൌത്യമായി... 
ഒരു ദിവസം... ആ ബോക്സിന്റെ  താഴത്തെ തട്ടില്‍ നിന്നും എനിക്കായി അവന്‍ ഒരു സമ്മാനം എടുത്തു തന്നു...ഒരു സ്പോഞ്ച്...മഞ്ഞ നിറത്തിലുള്ള സ്പോഞ്ച്...സ്ലേറ്റു മായിക്കാന്‍... എനിക്കാദ്യമായി കിട്ടിയ പ്രണയ സമ്മാനം...